കണ്ണൂർ: തൊടുപുഴ ന്യൂമാൻസ് കോളജിലെ മലയാളം അധ്യാപകൻ പ്രൊഫ: ടി.ജെ.ജോസഫ് ൻ്റെ കൈവെട്ടിയ കേസിൽ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന സഫീറിനെയാണ് എൻഐഎ പിടികൂടിയത്. എൻഐഎ മുൻപ്അറസ്റ്റ് ചെയ്‌ത മുഖ്യപ്രതി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സവാദിന് ഒളിത്താവളം ഒരുക്കിയതിനാണ് സഫീറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പറ്റി കൂടുതൽ വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല.
2010 ജൂലൈ 4 ന് തൊടുപുഴ നിർമല കോളജിന് സമീപം വച്ചാണ് ജോസഫ് മാഷിനെ താലിബാൻ മോഡലിൽ ആക്രമിച്ചത്. ഇതിലെ മുഖ്യപ്രതികൾ സമീപകാലത്താണ് പിടിയിലായത്. പ്രതികളിൽ ചിലർ പേരും രൂപവും മാറ്റി കണ്ണൂർ ജില്ലയിലെ ഉൾനാടുകളിൽ പലതരം ജോലികൾ ചെയ്ത് സ്വസ്ഥജീവിതം നയിക്കുകയായിരുന്നു. എൻഐഎ യും മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളും വിദഗ്ധമായാണ് ഇവരെ കണ്ടെത്തി പിടികൂടിയത്.പി.ടി.കുഞ്ഞിമുഹമ്മദിൻ്റെ തിരക്കഥയിലെ രീതി ശാസ്ത്രമെന്ന പുസ്തകത്തിൽ ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണത്തിൽ ഭ്രാന്തന് മുഹമ്മദ് എന്ന പേര് കൊടുത്ത് ചോദ്യപേപ്പർ തയാറാക്കിയെന്നാണ് ജോസഫ് മാഷിന് നേരേ ഉയർന്ന ആരോപണം. ഇതിൻ്റെ പേരിൽ ജോസഫ് മാഷുടെ കൈ വെട്ടിക്കളഞ്ഞ സംഭവം കേരളത്തിൽ തീവ്രവാദം ശക്തമാണെന്ന ധാരണ പരത്തിയിരുന്നു. സംഭവത്തിന് ശേഷം വേഷം മാറി കടന്നുകളഞ്ഞവർക്ക് കണ്ണൂർ ജില്ലയിൽ ഒളിത്താവളമൊരുക്കിയവരെയും പിടികൂടാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്.
NIA arrests one more in notorious hand-cutting case.